മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഇഡ്ഡലിക്കുള്ള സ്ഥാനം ഒന്നു വേറെതന്നെയാണ്. ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഇഡ്ഡലിയെ ഒരു -സൂപ്പർ ഫുഡ്- ആക്കി മാറ്റിയാലോ? ഇതാ, പരമ്പരാഗത രുചിയും ആധുനിക പോഷകാഹാര രീതിയും കൈകോർക്കുന്ന ചിക്കൻ ഇഡ്ഡലി.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ജിമ്മിൽ പോകുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഈ വിഭവം ആരോഗ്യകരം മാത്രമല്ല, രുചികരവുമണ്.
ഇഡ്ഡലിയിലെ കാർബോഹൈഡ്രേറ്റും ചിക്കനിലെ ലീൻ പ്രോട്ടീനും ചേരുമ്പോൾ അതൊരു സമ്പൂർണ ഭക്ഷണമായി മാറുന്നു. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം. മാവ് പുളിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങൾ ദഹനം എളുപ്പമാക്കുന്നു.
ചിക്കനിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവ പേശികളുടെ വളർച്ചയ്ക്കും പുനരുജ്ജീവനത്തിനും സഹായിക്കുന്നു. വിറ്റാമിൻ ബി 12, അയൺ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഉന്മേഷം നൽകുന്നു.
ആവിയിൽ വേവിക്കുന്നതിനാൽ എണ്ണയുടെ ഉപയോഗം കുറവാണ്. ഇത് അനാവശ്യ കൊഴുപ്പ് അകറ്റി നിർത്താൻ സഹായിക്കുന്നു.
ആവശ്യമായ ചേരുവകൾ
വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ചിക്കൻ ഇഡ്ഡലി തയാറാക്കാം.
- ഇഡ്ഡലി മാവ്: 2 കപ്പ്
- ബോൺലെസ്സ് ചിക്കൻ: 150 ഗ്രാം (അരിഞ്ഞത്)
- ഇഞ്ചി പേസ്റ്റ്: 1 ടീസ്പൂൺ
- പച്ചമുളക് പേസ്റ്റ്: അര ടീസ്പൂൺ
- കുരുമുളക് പൊടി: അര ടീസ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
- മല്ലിയില: 1 ടേബിൾസ്പൂൺ (അരിഞ്ഞത്)
തയാറാക്കുന്ന വിധം
ചിക്കൻ അല്പം വെള്ളം ചേർത്ത് പാനിൽ വേവിക്കുക. വെന്ത ശേഷം ചൂടാറാനായി വയ്ക്കുക. ചൂടാറിക്കഴിയുന്പോൾ ചിക്കനിലേക്ക് ഇഞ്ചി-പച്ചമുളക് പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഇഡ്ഡലി തട്ടിൽ അല്പം എണ്ണ പുരട്ടിയ ശേഷം മുക്കാൽ ഭാഗത്തോളം മാവ് ഒഴിക്കുക. ഇതിന് മുകളിലായി തയാറാക്കിയ ചിക്കൻ വിതറുക (അല്ലെങ്കിൽ മാവിനോടൊപ്പം ചിക്കൻ ചേർത്ത് ഇളക്കയും ഒഴിക്കാം).
തുടർന്ന് ഇഡ്ഡലി പാത്രത്തിൽ വച്ച് 12-15 മിനിറ്റ് ആവിയിൽ വേവിക്കുക. രണ്ട് മിനിറ്റ് ചൂടാറാൻ വച്ച ശേഷം ഇഡ്ഡലി എടുക്കാം. തേങ്ങ ചമ്മന്തി അല്ലെങ്കിൽ സാമ്പാറിനൊപ്പം കഴിക്കാം.